ഐ ലെഫ്റ്റ് ദ റൂം....

ഇനി  നിൽക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ്
ഞാനാണ്  മുറിയുപേക്ഷിച്ച്
വാതിൽ ചാരി നടന്നു തുടങ്ങിയത്.
അവിടെ ഒരുപാട് പേര് വന്നത് കൊണ്ടല്ല.
ഒരുപാട് പേരുള്ള, തിരക്കുള്ള ഒരിടത്ത് തങ്ങുക എനിക്ക് പ്രയാസമുള്ള കാര്യമേ അല്ല.
(ജിഗ്‌സോ പസിൽ പോലെ അടുക്കി
വച്ച  കട്ടിലുകളിലാണ് ഞാനും ശിവയും അഫ്സലും ഒരു കൊല്ലം
ജീവിച്ചത് )
പക്ഷെ, മുറിയിലെ ഏകാന്തതയെ
അത്ര കണ്ട് ഞാനങ്ങ്
പ്രണയിച്ചു പോയി.
എന്റേത് മാത്രമായ കട്ടിലും,
അതിനെ മൂടുന്ന പുതപ്പുമെല്ലാം
കിഴെയുള്ള തൈലങ്ങളോട് ചേർന്ന്
അവിടെയാകെ ഒരു പ്രത്യേക ഗന്ധം വ്യാപിപ്പിച്ചിരുന്നു.
ഏകാന്തതയുടെ മണം.
രണ്ടു പേർ മാത്രമുണ്ടാകുമ്പോഴുണ്ടാകുന്നത്.
               *      *      *
ഉണങ്ങി പോവുമെന്ന് കരുതിയ
റോസാ ചെടിയിൽ മൊട്ടു വിരിഞ്ഞിരുന്നു.
ചുവരിലെ ആണിയിൽ കിടന്നു തൂങ്ങി
കൊന്ത, രാത്രിയിൽ തിളങ്ങി
പ്രേതങ്ങളെ ഓടിച്ചിരുന്നു.
വരാന്തയിലെ കാറ്റു കൊണ്ട്
തണുപ്പ് പിടിക്കാറുണ്ട്.
ഞാനും മുറിയുമങ്ങനെ
എത്രയെത്ര  രാത്രികൾ.... ?
ചില്ലു ഭരണി,
മേശയുടെ ഒരുവശം തിങ്ങി നിറഞ്ഞ്
കൈറ്റ് റണ്ണർ, മഞ്ഞ്, അലാഹയുടെ പെണ്മക്കൾ....
ഭിത്തിയിൽ അരയന്നത്തോട്
സംസാരിച്ചു തീരാത്ത ദമയന്തി.
ഇപ്പോഴവിടെ സമ്മിശ്ര ഗന്ധങ്ങൾ.
ഒരു പൂക്കാലം, വരില്ലെന്ന് കരുതിയ പലരും,എല്ലാവരും
വന്നാകെ ബഹളം.
              *       *        *
നിലാവിന്റെ... പാൽ ചായയിൽ
മുക്കിയെടുക്കുമ്പോ
അലിഞ്ഞില്ലാതാവാറുള്ള, നമ്മുടെ
മാത്രമായിരുന്ന നേരത്തെ,
രാവിന്റെ കരിഞ്ചായയിൽ മുക്കി കഴിക്കുകയാണ് ഞാനിപ്പോൾ. !
നക്ഷത്ര പഞ്ചസാര തരികൾ
കലങ്ങാതെ ഇത്തിരി മധുരം
തരാറുള്ള കാരണം
ഏറെ മനം മടുത്തു പോകുന്നില്ല.
എങ്കിലും,
ഇനിയും മുറി വിജനമാവുമെന്ന്
അപ്പോൾ പ്രതീക്ഷിക്കാതെ
തിരികെ കയറി ചെല്ലാമെന്നൊരു
വെള്ളിടി ഇടയ്ക്കിടെ നെഞ്ചിൽ വീഴാറുണ്ട്.. !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍