സീസൺ

വീണ്ടും കണ്ടുമുട്ടാമെന്നൊരു
മൗനത്തിന്റെ മേലാണ്
നമ്മളൊന്നിച്ച്
ഒറ്റയ്ക്കാവാൻ തീരുമാനിച്ചത്.
അങ്ങനെയൊന്നുമില്ലെന്ന്
നീ പറയുമെങ്കിലും
എനിക്ക് കാണാം ,
നീ ഒറ്റയ്ക്കിരിക്കുന്നത്,
എന്തിനോ വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്നത്.
കാരണം നമ്മിലൊരു തിരയുണ്ടായിരുന്നു.
കടലൂതിയെറിഞ്ഞ
അതിൽ നിന്നും പരൽ മീനുകൾ തീരത്തടിഞ്ഞിരുന്നു.
രാത്രിയെ മുഴുവൻ ചൂണ്ടയിൽ കൊളുത്തി
നീ കാത്തിരുന്നാലും
അവയൊന്നുമിനി നീന്തി
നിന്റെയരികിൽ വരികയില്ല.
പക്ഷെ, ഞാനതൊക്കെയെടുത്ത് സൂക്ഷിച്ചിട്ടുണ്ട് .
(അല്ലെങ്കിലും ഒരു കാര്യോമില്ലാതെ
ഒക്കെ പെറുക്കി വെക്കുന്നതെന്റെ ശീലമാണെന്നറിയാമല്ലോ..)
ഒരുമിച്ച് മാത്രമേ അവയെ സ്വതന്ത്രമാക്കൻ ഒക്കുകയുള്ളു
(അതെ,
നാമൊരുമിച്ച്..!)
അതിലൊന്നു  പോലും
തിരികെ വന്നില്ലെങ്കിലും
എനിക്കുറപ്പുണ്ട്,
നീയും ഞാനും
കണ്ണിൽ കടൽ നിറയുന്നൊരു നേരവുമുണ്ടാവുമെന്ന്...!!
നീ തിരിച്ചറിഞ്ഞില്ലെങ്കിൽ കൂടി,
ആ നേരം നമ്മുടേത് മാത്രമായിരിക്കുമെന്ന്...!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍