കൈയ്യൊപ്പ്..

എഴുതാൻ ഉറച്ചുതന്നെയാണ്
അറ്റം കണ്ടെത്താനാവാതെ
ഇടയ്ക്കെവിടെയോ
തടഞ്ഞു നിർത്തി
നിന്റെ സങ്കടങ്ങളെ
പേനയിൽ നിറച്ചത്.
പക്ഷേ,
നിന്റെ പ്രണയത്തെക്കാൾ സുതാര്യമായവ
എങ്ങനെയാണ്
കടലാസുകളെ കരയിപ്പിക്കുക ?
വിരൽത്തുമ്പ് തൊട്ട്
ഞാൻ  പറഞ്ഞതിനൊന്നും
 നിന്റെ കത്തുകളുടെ മണം ഉണ്ടായിരുന്നില്ല.
കടൽമണമുള്ള കെമിസ്ട്രി ലാബിൽ
നീ കണ്ടു പിടിച്ചു തന്ന ലവണത്തിന്റെ സ്വാദാണ് പേരറിയാതെ,
കൗമാരത്തിന്റെ നെല്ലിക്ക ചേർത്ത്
യാഥാർത്ഥ്യമെന്ന്
നാം കരുതിയ ആ വികാരത്തിന്.!
ഒരുമിച്ച് നിറങ്ങൾ  എണ്ണിയ
മെയ് ഫ്ലവറുകളോ
ഒരു ബെഞ്ചിലിരുന്ന്
ദൈർഘ്യം കുറച്ച മഴക്കാലങ്ങളോ
ഇന്ന് എന്റെ ഉള്ളിൽ ഇല്ല.
ഇടതു കൈയ്യിൽ മുറുകെ പടർന്ന്
കയറിയ ഒരു ചെറു ചതുരമാണ് വേരുകൾ
എന്നെ ഓർമ്മിപ്പിക്കുന്നത്.
മഞ്ഞു കാലത്തത്തിന്റെ
ഒരു രാത്രി വലിച്ചു നീട്ടി
നീ ഉണ്ടാക്കിയ ഒരു കൈയൊപ്പ്,
ഒരിക്കൽ എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു
അതിന്റെ കണ്ണുകളിലേക്ക് നോക്കി
ഇടതുവശത്തേക്ക് ചെരിഞ്ഞു പോയ
എന്റെ നോട്ടങ്ങളെ , നിനവുകളെ, ഓർമ്മകളെ,
കാലത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ
            ഒപ്പം നിന്നെയും!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍