പുഷ്പങ്ങളുടെ താഴ്‌വര

കുസുമഗിരി എൽ പി സ്കൂൾ ഗ്രൗണ്ടിന്റെ  ഇടതുവശത്തു തേയില കാടാണ്. കിഴക്കാണ്‌ പള്ളി. പടിഞ്ഞാറ്
സ്കൂൾ കെട്ടിടം. പള്ളിയിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കണം. ചൂടിപ്പായയിലെ കയർ പിരി മുള്ളുകൾ കുത്തി കാൽമുട്ട് വേദനിക്കും .പ്രാർത്ഥന നീണ്ടു പോവുമ്പോ "ആമേൻ" പറഞ്ഞു  കുരിശു വരച്ച്  ചമ്രം പടഞ്ഞിരിക്കും. റീനാ സിസ്റ്റർ വന്ന്  ഉണ്ണീശോയെ പറ്റി വാതോരാതെ സംസാരിക്കും. യൗവനത്തിൽ ഈശോ തന്റെ രക്തം മുഴുവൻ നമുക്ക് വേണ്ടിയാണത്രെ ഒഴുക്കി കളഞ്ഞത്. കൂടുതലൊന്നും മനസിലായില്ലെങ്കിലും ഈശോ നമ്മക്കെല്ലാവർക്കും വേണ്ടി ഒരുപാടെന്തൊക്കെയോ ചെയ്തത്  തിരിച്ചറിഞ്ഞ്, കൃതാഞ്ജതയിൽ പിള്ളേരെല്ലാം കുരിശു വരയ്ക്കും.അങ്ങനെയാണ് കുസുമഗിരി യിലെ ഒഴിവു സമയങ്ങൾ  ഓർമയിൽ നിറയുക.
എത്ര മനോഹരാമായ പേരാണത്.
കുസുമഗരി. എത്രയെത്ര മൊട്ടുകളാണവിടെ വിരിഞ്ഞ് ആ പ്രദേശമൊക്കെയും സുഗന്ധം പരത്തിയത് !
ഒറ്റ നോട്ടത്തിൽ തേയിലക്കാട്ടിലേക്ക് എന്ന് തോന്നിക്കുന്ന,പള്ളിയുടെ ഇടതു വശത്തെ മഠത്തിലേക്കുള്ള വഴി. അവിടെ ഇഷ്ടങ്ങൾ മാത്രമുള്ള  സിസ്റ്റർമാർ. ഒന്നാം ക്‌ളാസിലും രണ്ടിലും മേഴ്‌സി സിസ്റ്റർ. മൂന്നിൽ റീനാ സിസ്റ്റർ. റീന സിസ്റ്റർ എപ്പോഴും ഓരോന്നൊക്കെ തന്നു  കൊണ്ടിരിക്കും.കേട്ടെഴുത്തിനു ഒന്നാമതെത്തിയപ്പോ കിട്ടിയ പെൻസിലുകൾ.,ഇരുട്ടത്ത് തിളങ്ങുന്ന ഉണ്ണിശോയുടെ രൂപം. ഒക്കെ എത്ര കാലം സൂക്ഷിച്ചൂന്നോ !
സിസ്റ്റർ ആയിരുന്നു പ്രധാനാധ്യാപിക.
ഏത് നേരവും കയറിചെല്ലാവുന്ന ഒരു മുറി. അവിടെ ഏത് നേരവും പുഞ്ചിരിച്ചു കൊണ്ടൊരു മാലാഖ,കൂടെ തന്നെ ജീസസും.
മൂന്നാം ക്‌ളാസിൽ പഠിക്കുമ്പോ ചോര കണ്ട് ഞാൻ തലചുറ്റി വീണപ്പോൾ മേഴ്‌സി സിസ്റ്റർ ആണെന്നെ വാരിയെടുത്ത് പയറു ചാക്കിന്റെ മോളിൽ കിടത്തിയത്. എന്നിട്ട് അടുത്തിരുന്നു വീശിക്കൊണ്ട് എന്നോടോരോന്നൊക്കെ പറഞ്ഞു.ഞാൻ കണ്ണ് തുറന്നു ചിരിച്ചത് കണ്ട്  കുറച്ചവിലൊക്കെ കഴിക്കാൻ തന്നിട്ടാണ് ടീച്ചർ ക്‌ളാസിൽ പോയത്.

 രണ്ടാം ക്‌ളാസിലുള്ളപ്പോ ഒരിക്കൽ മേഴ്‌സി സിസ്റ്റർ ഞങ്ങളോട് പിണങ്ങി അടുത്ത ക്‌ളാസിൽ പോയി ഒറ്റയ്ക്കിരുന്ന് കളഞ്ഞു
കാര്യമായ പണിഎന്തോ ഉണ്ടെന്ന് പറഞ്ഞ്
"എന്റെ മക്കളെല്ലാരും
 അടങ്ങിയിരിക്കണം
സിസ്റ്റർ കണ്ണടയെടുത്ത് വച്ച്  വർക്കിൽകോൺസെൻട്രേറ്റ് ചെയ്തു
ആദ്യമൊക്കെ ഞങ്ങൾ നല്ല കുട്ടികളായി.
മിണ്ടാതെ പരസ്പരം  നോക്കി
പിന്നെയൊരു മഴ പെയ്യണ പോലെ എല്ലാവരിലും ചലനങ്ങളുണ്ടായി
 മൗനം വെടിഞ്ഞു ക്ലാസ്  നിമിഷ നേരം കൊണ്ട് മുഖരിതമായി
ഒച്ച കൂടി കൂടി വന്നു
ഞാൻഇതാദ്യമേ ശ്രദ്ധിക്കുന്നുണ്ട്
ഞാനായത് കൊണ്ട് പറയുകയല്ല പണ്ടേ നല്ല കുട്ടി ആയ്ര്ന്ന്. യാതൊരു വിധ അടിപിടി വഴക്കിനും എന്റെ  പേര് കാണാനുണ്ടാവില്ല. അടി കൂടാനൊക്കെ കൊർച്ച്  ചങ്കൂറ്റം വേണമെന്നൊക്കെ അസൂയക്കാർ പറഞ്ഞു നടക്കുമെങ്കിലും പേടികൊണ്ടൊന്നുമല്ല, ശാന്തമാണ് (ആയിരുന്നു )സ്ഥായി ഭാവം. ക്ലാസിലൊക്കെ ശ്രദ്ധിക്കും. നന്നായി പഠിക്കും. (10 വരെ!! )
ഇതുവരെയുള്ള റെക്കോർഡിലൊന്നും ക്ലാസിലെ ക്രിമിനൽ ലിസ്റ്റിൽ പെടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.
: അങ്ങനെ ശബ്ദം ഒരുപാടായപ്പോ ഒന്ന് രണ്ട്  തവണ മിണ്ടാതിരിക്കാനൊക്കെ സിസ്റ്റർ പറയുകയുണ്ടായി. ഒക്കെ നിഷ്ഫലമാക്കി ക്ലാസ് മുഴുവൻ ഓടി പാഞ്ഞു നടക്കുന്ന സ്കൂട്ടറുകളും ബസ്സുകളും  അടിപിടി മാന്തലുകളും ചിലയിടത്തു നിന്ന് നിലവിളികളും കേട്ട് തുടങ്ങിയതോടെ ഞനാകെ സിസ്റ്ററെ തന്നെ സൂക്ഷിച്ചു നോക്കി
 കണ്ണട ഊരി ഡെസ്ക്കിൽ പതിയെ വച്ച് ടീച്ചർ എഴുന്നേറ്റു. ചെയ്തോണ്ടിരുന്ന കഠിനമായ ഗിയർ ഷിഫ്റ്റിംഗ് ഒക്കെ പകുതിയിൽ നിർത്തി  എല്ലാ കുഞ്ഞ് കണ്ണുകളും എന്നോടൊപ്പം അടുത്ത നിമിഷത്തിനു വേണ്ടി സിസ്റ്ററുടെ മുഖത്തു തിരഞ്ഞു.
"ഞാനിനി നിങ്ങളോട് മിണ്ടുകയില്ല "പുസ്തകം മടക്കി ഉറക്കെ പ്രഖ്യാപിച്ച് സിസ്റ്റർ പുറത്തേക്കു നടന്നു. ക്ലാസിലെ പേരു കേട്ട ഗുണ്ടകൾ പോലും ആ പറച്ചിലിൽ ഒന്ന് പതറി
 എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി. ഞാൻ ആഷികിനെ നോക്കി. "പോയാ ?... ഇനി വരില്ലേ.. ?"
"എടാ... ടീച്ചറ് പോയെടാ.. !"
അവൻ തലയിൽ  കൈ വെച്ചു. ഞങ്ങൾ വിഷയത്തെ പറ്റി ഗഹനമായി ആലോചിച്ചു. കാര്യം ഗൗരവമാണ്. ക്ലാസ് ടീച്ചറാണ് പോയിരിക്കുന്നത്. ഇനി വന്നിലെങ്കി അനാഥമായി പോവില്ലേ ഞങ്ങളുടെ രണ്ടാം ക്ലാസ്.! "എടാ ടീച്ചറ് ബുക്കൊന്നും എട്ത്തിട്ടില്ല, സ്റ്റാഫ് റൂമിലേക്കൊന്നും പോയിട്ടുണ്ടാവില്ല. ശെരിയാണ്. പിന്നെയൊന്നുമാലോചിക്കാതെ ഞങ്ങൾ കുറച്ചു പേര് സിസ്റ്ററെ തിരഞ്ഞു തിരിച്ചു കൂട്ടികൊണ്ടു വരാൻ പുറപ്പെട്ടു. അപ്പോഴതാ തൊട്ടടുത്ത മുറിയിലെ സ്റ്റൂളിൽ പുറത്തേക്കു നോക്കി ഇരിക്യാ ടീച്ചർ.വളരെ ശാന്തമായി പുറത്ത് വിശാലമായ മൈതാനത്തേക്ക് നോക്കി.  അത് ക്ലാസ്സിലേക്കുള്ള വഴിയാണ്, ചെറിയൊരു ബാക്ക് സ്റ്റേജ്. ഞങ്ങൾ ഇത് കണ്ടപാടെ ഒരു സ്റ്റെപ് ബാക്ക് അടിച്ചു. ചുമരിനോട് പറ്റി മൂന്ന് തലകൾ ടീച്ചറെ എത്തി നോക്കി. ഒരു നോട്ടമിങ്ങോട് വന്നപ്പോ ചുമര് ചാരി ഒളിച്ചു നിന്നും. പിന്നെയും നോക്കി. ഇത് തിരിച്ചറിഞ്ഞ്, "ഹും "ഞാനിപ്പോഴും പിണക്കത്തിലാണെന്ന ഭാവത്തിൽ സിസ്റ്റർ തല പെട്ടന്ന് വലത്തോട്ട് തിരിച്ചു.
"ശ്യോ...  ഞങ്ങൾക്കാകെ സന്തോഷായി. ഇത് പറഞ്ഞു തീർക്കാവുന്നതേ ഉള്ളു.
പിന്നെ ടീച്ചറ് ചിരിച്ചു.
ഈ സീൻന്റെ അവസാനം എനിക്കോർമ്മ കിട്ടുന്നില്ല. സിസ്റ്ററും ഞങ്ങളും പിന്നേം ഇഷ്ടത്തിലായി.
പിന്നെയും പിണക്കങ്ങൾ ഉണ്ടായിരിക്കുന്നിരിക്കണം. എല്ലാരും കുട്ടിയോളല്ലെ....
ഞാനാലോചിക്കാറുണ്ട്, അന്ന് ദേഷ്യപ്പെട്ടു പോയ ടീച്ചറെ തിരയാതെ, കളിച്ചു കളിച്ചു എല്ലാരും വീട്ടിൽ പോയാ ന്താ കഥ. ?
അങ്ങനെയാവില്ലെന്ന് സിസ്റ്റർക്ക് നല്ല ഉറപ്പുണ്ടായിരുന്നു. കാരണം ഞങ്ങളെ ഒന്നാം ക്ലാസിൽ പഠിപ്പിച്ചത് മേഴ്‌സി സിസ്റ്ററ്  തന്നെയല്ലേ, അപ്പൊ പിന്നെങ്ങനാ ഞങ്ങളു നല്ല കുട്ട്യോൾ ആവാതിരിക്കുക. അതായിരുന്നു സിസ്റ്ററുടെ ശാന്തതയുടെ രഹസ്യം. ഒരുപാട് കഥകൾ  കൊണ്ട്, പാട്ടുകൾ കൊണ്ട് സ്നേഹം കൊണ്ട് ടീച്ചർക്ക് അത് സാധിച്ചു.
എപ്പോഴാണെകിലും ഇഷ്ടപെടേണ്ട
പോലെ ഇഷ്ടം കൊടുത്താൽ എല്ലാരും നമ്മളെ നോക്കി വരും. ചിലപ്പോൾ നമ്മളത് കാണില്ല, ന്നാലും ആ തിരച്ചിൽ അവിടെ ബാക്കിയാവും.
അങ്ങനെ ഇഷ്ടം കൊടുത്തവരൊക്കെ തേടി വരുമ്പോ നിങ്ങൾ ജയിച്ചു എന്നറിയുക.
ഈ  താഴ്‌വരയിൽ ഇനിയും ഓർമകളുണ്ട്. അതിലൊക്കെയും പുഷ്പങ്ങളും അതിന്റെ പരിചാരകരുമുണ്ട്. മലയും കുന്നും കാപ്പിത്തോട്ടങ്ങളും തേയിലക്കാടുമുണ്ട്.
അവിടെ നിന്നൊക്കെ വിട്ടുപോരുന്നതെങ്ങനെ എന്ന് ആലോചിക്കുകയാണിപ്പോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സീസൺ

എടോ ഹരിപ്രിയേ...

നീര്‍കുമിളകള്‍